ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തണമെന്ന് പാപ്പയോട്‌ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പല തവണ ആവശ്യപ്പെട്ടതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താപത്രമായ ചോസുണ്‍ ഇല്‍ബോയുടെ റിപ്പോര്‍ട്ട്. ഇരുകൊറിയകളെയും തമ്മില്‍ വേര്‍തിരിക്കുന്ന സൈനികവിമുക്ത മേഖലയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുവാനാണ് പാപ്പയെ ക്ഷണിച്ചിരിക്കുന്നതെന്ന് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ‘ചോസുണ്‍ ഇല്‍ബോ’ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

ജപ്പാന്‍ സന്ദര്‍ശനം അവസാനിച്ചതിന് ശേഷം കൊറിയന്‍ ഉപദ്വീപ് സന്ദര്‍ശിക്കുവാനുള്ള ക്ഷണം ദക്ഷിണ പ്രസിഡന്റിന്റെ ഓഫീസ് പ്രതിനിധി വഴി ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ദക്ഷിണ കൊറിയയിലേയും മംഗോളിയയിലേയും അപ്പസ്തോലിക പ്രതിനിധിയായ ആല്‍ഫ്രഡ്‌ ക്സൂയരെബ് മെത്രാപ്പോലീത്തക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെത്രാപ്പോലീത്ത ഓഗസ്റ്റില്‍ തന്നെ ഈ ക്ഷണം പാപ്പയെ അറിയിച്ചതായി കരുതപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം മൂണിന്റെ വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ നടന്ന ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ വെച്ചും ഫ്രാന്‍സിസ് പാപ്പയെ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വത്തിക്കാനില്‍ നിന്നും മൂണിന്റെ ഓഫീസിന് ഇതുവരെ ഇതുസംബന്ധിച്ച ഉറപ്പോ, പ്രതികരണമോ ലഭിച്ചിട്ടില്ല. ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുമോ എന്നതിനെ സംബന്ധിച്ച് വത്തിക്കാന്‍ യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ജപ്പാനിലുള്ള പാപ്പക്ക് തന്റെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തുക സാധ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പാപ്പ ജപ്പാനില്‍ എത്തിയത്. കഴിഞ്ഞ 38 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.