ശബരിമല: മരക്കൂട്ടത്തിനടുത്ത് വന്‍മരം ഒടിഞ്ഞുവീണ് എട്ട് അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്‌നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രാനന്ദന്‍ റോഡിലേക്കാണ് വലിയമരം പകുതിവച്ച്‌ ഒടിഞ്ഞുവീണത്. ദര്‍ശനം കഴിഞ്ഞു മടങ്ങിവന്നവരാണ് അപകടത്തില്‍ പെട്ടത്. ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നീ അയ്യപ്പന്മാരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവര്‍ക്ക് സാരമായി പരിക്കുള്ളതായി അറിയുന്നു. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പോലീസും അഗ്‌നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.