സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കി കെഎസ്‌ആര്‍ടിസിയുടെ നടവൊടിച്ചിട്ട് പുതിയത് പഠിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ടോക്കിയോയില്‍. ശമ്ബളം ലഭിക്കാതെ ജീവനക്കാര്‍ പട്ടിണിയിലും.

കെഎസ്‌ആര്‍ടിസി നവീകരിക്കുന്നതിനു പദ്ധതി തയാറാക്കാന്‍ 2016 സപ്തംബറില്‍ കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. സുശീല്‍ ഖന്നയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതനുസരിച്ച്‌ ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയെങ്കിലും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറിയില്ലെന്നാണ് കോര്‍പ്പറേഷന്റെ അവകാശ വാദം. എന്നാല്‍, റിപ്പോര്‍ട്ട് ധനകാര്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ലക്ഷങ്ങള്‍ ഫീസ് നല്‍കിയാണ് സുശീല്‍ഖന്നയോട് കെഎസ്‌ആര്‍ടിസിയെ നവീകരിക്കാനുള്ള പദ്ധതി തയാറാക്കാന്‍ ആവശ്യപ്പെട്ടത്.

ഇതനുസരിച്ച്‌ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം പാതി വഴിയിലായി. മൂന്ന് സോണുകളായി കെഎസ്‌ആര്‍ടിസിയെ വിഭജിച്ചു എന്നതാണ് ആകെയുള്ള നേട്ടം. റിപ്പോര്‍ട്ടു പ്രകാരം കുറെയധികം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ബാക്കിയുള്ളവരെ ഹൈക്കോടതി ഇടപെട്ട് പിരിച്ചുവിട്ടു. ഇതോടെ ജീവനക്കാരില്ലാതെയുള്ള സര്‍വീസുകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ല. വരുമാനം കുത്തനെ കുറഞ്ഞു. ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ വട്ടം കറങ്ങുമ്ബോഴാണ് പുതിയ പദ്ധതിയെക്കുറിച്ച്‌ പഠിക്കാന്‍ മന്ത്രി ടോക്കിയോയിലേക്ക് പറന്നത്.

ജീവനക്കാരുടെ ശമ്ബള ഇനത്തില്‍ കഴിഞ്ഞ മാസത്തേതില്‍ അമ്ബതു ശതമാനം മാത്രമേ നല്‍കിയിട്ടുള്ളൂ. ജീവിതം വഴിമുട്ടിയ കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. നിയമസഭാസമ്മേളനം കഴിഞ്ഞിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി കുടിശ്ശിക ശമ്ബളം നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ തങ്ങള്‍ സമരം ചെയ്ത് ശമ്ബളം ലഭിച്ചു എന്ന് വീമ്ബിളക്കാന്‍ സിഐടിയു യൂണിയന്‍ സമരവും തുടങ്ങി. എന്നാല്‍ ഭരണകക്ഷി യൂണിയന്‍കാരെയും കബളിപ്പിച്ച്‌ ചര്‍ച്ച നടത്താതെ മന്ത്രി പറക്കുകയായിരുന്നു.

ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മന്ത്രിയുടെ വിദേശ സന്ദര്‍ശനം. ഈ തുക സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കിയിരുന്നെങ്കില്‍ കുറച്ച്‌ പേര്‍ക്കെങ്കിലും ശമ്ബളകുടിശ്ശിക നല്‍കാന്‍ സാധിക്കുമായിരുന്നു. വായുമലിനീകരണം ഇല്ലാത്ത ബസ്സിനെക്കുറിച്ച്‌ പഠിക്കാനാണ് മന്ത്രി ടോക്കിയോയില്‍ പോയി എന്നാണ് വിവരം. പുതിയ സംവിധാനങ്ങളൊക്കെ പഠിച്ച്‌ സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നീക്കം നടത്തുമ്ബോള്‍ ശമ്ബളക്കമ്മീഷനും നടപ്പിലാക്കേണ്ടി വരും.