കേരള നിയമസഭയല്ല പാര്‍ലമെന്റെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ മനസിലാക്കണമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതെന്നും ചട്ടം ലംഘിച്ചതുകൊണ്ടാണ് രണ്ട്‌ അംഗങ്ങള്‍ക്കെതിരേ നടപടിയുണ്ടായതെന്നും അദ്ദേഹം പറയുകയുണ്ടായി. പാര്‍ലമെന്റ്‌ ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് കോണ്‍ഗ്രസ്‌ എം.പിമാരുടെ ബഹളം. സ്‌പീക്കര്‍ ഇരിപ്പിടത്തില്‍നിന്ന്‌ എഴുന്നേറ്റു നിന്നാല്‍ ബഹളം ശമിക്കാറാണ്‌ പതിവ്‌. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്നലെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ പാര്‍ലമെന്റിനെ യുദ്ധക്കളമാക്കി. ഇത്തരത്തില്‍ ജനാധിപത്യ വിരുദ്ധ നടപടി കൈക്കൊണ്ടതിനാലാണ് നടപടി എടുത്തതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.