ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപില്‍ മലയാളി വിനോദ സഞ്ചാരികളുടെ സംഘം ഒരു രാത്രി മുഴുവന്‍ കുടുങ്ങി. കൊച്ചി സ്വദേശികളായ ജസ്റ്റിന്‍ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവരാണ് ദ്വീപില്‍ അകപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടം സന്ദര്‍ശിക്കാനെത്തിയ സംഘമാണ് കുടുങ്ങിയത്. ദ്വീപില്‍നിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാല്‍വര്‍ സംഘത്തിന് കൊച്ചുദ്വീപില്‍ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്. അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവര്‍ പോയി. എന്നാല്‍ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ ഇവര്‍ക്ക് തിരിച്ച്‌ സെയിന്റ് മേരീസ് ദ്വീപിലെത്താനായില്ല. വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടും പോയതോടെ ഇവര്‍ ദ്വീപില്‍ അകപ്പെട്ടു.

റെയ്ഞ്ചില്ലാത്തതിനാല്‍ ഫോണ്‍വിളിക്കാനുമായില്ല. ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്. ഉടനെ മല്‍പെ പോലീസില്‍ വിവരമറിയിച്ചു.