മഹാരാഷ്‌ട്ര വിഷയത്തില്‍ കലങ്ങിയ പാര്‍ലമെന്റില്‍ പ്രതിഷേധക്കൊടങ്കാറ്റും, എം.പിമാര്‍ക്ക് സസ്‌പെന്‍ഷനും.

നാടകീയ രംഗങ്ങള്‍ അരങ്ങേറിയ ലോക്‌സഭയില്‍ ബാനറുമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും സ്‌പീക്കര്‍ ഓംബിര്‍ള സസ്‌പെന്‍ഡ് ചെയ്തു. എത്രദിവസത്തേക്കാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ബഹളം വച്ച എം.പിമാരെ സഭയില്‍ നിന്ന് ബലംപ്രയോഗിച്ച്‌ നീക്കിയ പുരുഷ മാര്‍ഷല്‍മാര്‍ തങ്ങള്‍ക്കു നേരെ ബലപ്രയോഗം നടത്തിയെന്നാണ് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന്റെയും തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി സെന്നിമലയുടെയും പരാതി.

ഭരണഘടനാ വാര്‍ഷിക ദിനമായ ഇന്ന് നടക്കുന്ന സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ അംബേദ്കര്‍ പ്രതിമയ്‌ക്കു മുന്നില്‍ ധര്‍ണ നടത്തും.

പതിനേഴാം ലോക്‌സഭയില്‍ അംഗങ്ങള്‍ക്കു നേരെ സ്‌പീക്കര്‍ സ്വീകരിക്കുന്ന ആദ്യ നടപടിയാണ് കേരള എം.പിമാര്‍ക്കുള്ള സസ്പെന്‍ഷന്‍. പ്രതിപക്ഷ പ്രതിഷേധം കാരണം ലോക്‌സഭ പൂര്‍ണമായും തടസപ്പെടുന്നതും ആദ്യം.