വാഷിംഗ്ടണ്‍: ലോസാഞ്ചല്‍സ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബോയിങ്ങ് 777 വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് എന്‍ജിനു തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.

കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.45 ന് 42 യാത്രക്കാരും 18 ജീവനക്കാരുമായി പറന്നുയര്‍ന്ന ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പെട്ടത്. ഉടന്‍ വിമാനം തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും സാങ്കേതിക തകരാറാണ് തീപിടിക്കാന്‍ കാരണമെന്നും അധികൃതര്‍ അറിയിച്ചു. വിമാനം തിരിച്ചിറക്കിയെന്നും 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 777 വിമാനങ്ങളുടെ എന്‍ജിനുകള്‍ നിര്‍മിക്കുന്ന, ജനറല്‍ ഇലക്‌ട്രിക്കിന്റെ അനുബന്ധ സ്ഥാപനമായ ജിഇ ഏവിയേഷന്‍ ഫിലിപ്പൈന്‍സ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് അപകട കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുകായണെന്നും അധികൃതര്‍ പറഞ്ഞു.

സെപ്റ്റംബറില്‍ എയര്‍ ചൈനയുടെ ഒരു ബോയിങ് 777 വിമാനം എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഡാലസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയിരുന്നു. ഈ രണ്ടു സംഭവങ്ങള്‍ക്കും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ പറഞ്ഞു.