തൃശൂര്‍ : ദേശീയ പാത അതോറിറ്റിക്കു (എന്‍എച്ച്എ) സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കാനുള്ള കുടിശ്ശിക അടച്ചില്ലെങ്കില്‍ നാട്ടുകാര്‍ വലയും. കുടിശ്ശികയായ 95 കോടി രൂപ അടച്ച് തീര്‍ത്തില്ലെങ്കില്‍ സൗജന്യ പാസുകാരായ നാട്ടുകാര്‍ പാലിയേക്കരയില്‍ പൊതുക്യൂവില് നിന്നു വലയണം. അല്ലെങ്കില്‍ കൂടുതല്‍ പണം മുടക്കി ഫാസ്ടാഗ് വാങ്ങണം.
ഡിസംബര്‍ ഒന്നിനു രാജ്യ വ്യാപകമായി ടോള്‍ പ്ളാസകളില്‍ ഫാസ്ടാഗ് സംവിധാനം ഏര്‍പെടുത്തുകയാണ്. പ്ലാസയ്ക്ക് 10 കിലോമീറ്റര്‍ (ആകാശ ദൂരം) പരിധിയിലുള്ളവര്‍ക്കു സൗജന്യ പാസ് നല്‍കിയിട്ടുണ്ട്. 40000 പേരാണ് പാലിയേക്കരയില്‍ സൗജന്യ പാസുളളവര്. ഇവര്‍ക്ക് ഒറ്റ ട്രാക്ക് മാത്രമാണ് ഓരോ വശത്തേക്കും ഡിസംബര്‍ മുതല്‍ പ്ലാസ നല്‍കുക. ബാക്കിയുള്ള ട്രാക്കുകളെല്ലാം ഫാസ്ടാഗുകാര്ക്കായി സംവരണം ചെയ്യും.
നിലവില്‍ സൗജന്യപാസുകള്‍ ഉള്ളവര്‍ക്ക് അവ പുതുക്കി നല്‍കും. പുതുതായി സൗജന്യ പാസ് നല്‍കില്ല. പകരം 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് മാസം 130 നിരക്കില്‍ പാസെടുക്കാം. രാജ്യത്ത് മറ്റെങ്ങും തദ്ദേശവാസികള്‍ക്കു ദൂരപരിധിയുടെ അടിസ്ഥാനത്തില്‍ സൗജന്യ പാസ് നല്‍കിയിട്ടില്ലെന്ന ന്യായത്തിലാണ് പുതിയ സമ്ബ്രദായം കൊണ്ടുവരുന്നത്. നിലവില്‍ പാസുള്ളവര്‍ പുതിയ വാഹനം വാങ്ങിയാലും സൗജന്യപാസ് പോകും. കാരണം ഫാസ്ടാഗ് എടുത്ത ശേഷമേ വാഹനം റജിസ്റ്റര്‍ ചെയ്യാനാകൂ.
സൗജന്യപാസ് ഇനത്തില്‍ എന്‍എച്ച്എയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശികയാണ് 95 കോടി രൂപ. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി, ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ സി രവീന്ദ്രനാഥ്, വിഎസ് സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ രാജന് എന്‍എച്ച്എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.