ഭോപ്പാൽ: ട്വിറ്റർ അക്കൗണ്ടിലെ പദവി മാറ്റം മുൻനിർത്തി താൻ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യുഹങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിൽ കോണ്‍ഗ്രസ് നേതാവെന്ന പദവി താൻ ഒഴിവാക്കിയിട്ട് ഒരുമാസമായി. ഇപ്പോഴാണ് മറ്റുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്വിറ്ററിലെ പദവി ചുരുക്കണമെന്ന ആളുകളുടെ നിർദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താൻ കോണ്‍ഗ്രസ് വിടുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന സിന്ധ്യ ട്വിറ്ററിൽ കോണ്‍ഗ്രസ് നേതാവ് എന്ന പദവി ഒഴിവാക്കിയാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ജനസേവകൻ, ക്രിക്കറ്റ് ആരാധകൻ എന്നീ വിശേഷണങ്ങൾ മാത്രമാണ് അദ്ദേഹം ട്വിറ്ററിൽ നിലവിൽ ചേർത്തിരിക്കുന്നത്. ഇതോടെയാണ് സിന്ധ്യ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.