മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കാനിരിക്കെഎം.എല്‍.എമാരെ ഹോട്ടലില്‍നിന്ന് വീണ്ടും മാറ്റി ശിവസേന. നേരത്തെ താമസിപ്പിച്ചിരുന്ന ലളിത് ഹോട്ടലില്‍നിന്ന് ലമണ്‍ ട്രീ ഹോട്ടലിലേക്കാണ് ശിവസേന എം.എല്‍.എമാരെ മാറ്റിയത്.

അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചതിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണോ വേണ്ടയോ എന്ന വിഷയത്തില്‍ ചൊവ്വാഴ്ച പത്തരയ്ക്ക് ഉത്തരവിടുമെന്ന് തിങ്കളാഴ്ച വ്യക്തമാക്കി.288 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. 56 എം.എല്‍.എമാരാണ് ശിവസേനയ്ക്കുള്ളത്.