അണ്വായുധങ്ങളില്ലാത്ത സമാധാനപൂര്‍ണമായ ലോകം വേണമെന്നത് എല്ലായിടത്തുമുള്ള ലക്ഷക്കണക്കിനാളുകളുടെ ആഗ്രഹമാണെന്നും അതിനായി ലോക രാജ്യങ്ങള്‍ തയാറാകണമെന്നും ഫ്രാന്‍സിസ് പാപ്പ. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ നാഗസാക്കിയില്‍ ആയിരങ്ങളുടെ ജീവനെടുത്ത ആണവബോംബാക്രമണ ദുരന്ത സ്മാരകം സന്ദര്‍ശിച്ച് സംസാരിക്കുകയായിരിന്നു പാപ്പ. അന്തര്‍ദേശീയ തലത്തിലുള്ള ഭീഷണികളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഇത്തരം ആയുധങ്ങള്‍ സഹായിക്കില്ലെന്ന കാര്യം രാഷ്ട്രീയനേതാക്കള്‍ മറക്കരുതെന്നും പാപ്പ പറഞ്ഞു.

ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാനം വളര്‍ത്തുവാനുള്ള ശ്രമത്തില്‍ സഭയുടെ ഭാഗത്തു നിന്നുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുണ്ട്. ലോകത്തിലെ ഓരോ സ്ത്രീ-പുരുഷന്മാര്‍ക്കും ദൈവത്തിനു മുന്‍പില്‍ ബാദ്ധ്യസ്ഥമായ ഒരു കടമയായി ഇതിനെ സഭ കരുതുന്നു. ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി അടക്കം ആണവായുധ നിര്‍വ്യാപനത്തിനും ആണവായുധ വര്‍ജ്ജനത്തിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണ്യ്ക്കുവാനുള്ള ശ്രമങ്ങളില്‍ നാം ഒരിക്കലും ക്ഷീണിതരായിക്കൂടാ.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ജപ്പാനിലെ മെത്രാന്മാര്‍ ചേര്‍ന്ന് ആണവായുധങ്ങളുടെ ഉന്‍മൂലനത്തിനായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്‍പ്രകാരം എല്ലാ ഓഗസ്റ്റു മാസത്തിലും പത്തു ദിവസം സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ജപ്പാനിലെ ദേവാലയങ്ങളിൽ നടത്തിവരുന്നു. സമാധാനത്തിന്‍റെ പുലര്‍ച്ച ആധികാരികമായി ഉറപ്പു നല്കുന്ന നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഒരു ലോകം പടുത്തുയര്‍ത്തുവാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പ്രാ‍ര്‍ത്ഥനയും ആശയവിനിമയത്തിനുള്ള പ്രേരണകളും അക്ഷീണയത്നങ്ങളും സഹായകമാവട്ടെ.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം സാദ്ധ്യവും ആവശ്യവുമാണെന്ന് ബോധ്യത്തില്‍നിന്നുകൊണ്ടു രാഷ്ട്രീയ നേതാക്കളോടു പാപ്പ ആഹ്വാനം ചെയ്തു. ഇക്കാലത്തെ ദേശീയവും അന്തർദേശീയവുമായ സുരക്ഷിതത്വത്തിനു നേരെയുള്ള ഭീഷണികളില്‍നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് കഴിയുകയില്ല എന്ന സത്യം വിസ്മരിക്കരുത്. വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ സമാധാന പ്രാർത്ഥന ഒരുമിച്ചു ചൊല്ലാനും ശ്രോതാക്കളെ പാപ്പ സന്ദേശത്തിൽ ക്ഷണിച്ചു.