പത്തനംതിട്ട: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണ് ഓര്‍ത്തോഡോക്‌സ് സഭയുടെ ആരോപണം. സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ ഒരു നിമിഷം കൊണ്ട് കോടതി വിധി നടപ്പിലാക്കാവുന്നതേയുള്ളുവെന്ന് പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ തുമ്ബമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും വ്യക്തികള്‍ വിചാരിച്ചാല്‍ ഓര്‍ത്തോഡോക്‌സ് സഭയെ തകര്‍ക്കാനാകില്ലെന്നും കതോലിക്കാ ബാവ വ്യക്തമാക്കി. സമ്മേളനത്തോടനുബന്ധിച്ച്‌ പ്രതിഷേധ പ്രമേയവും സഭ പാസാക്കി. പ്രതിഷേധ പ്രമേയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സഭ ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെങ്കിലും ചിലര്‍ ബോധപൂര്‍വ്വം അത് വിസ്മരിക്കുകയാണെന്നാണ് പ്രതിഷേധ പ്രമേയത്തില്‍ പറയുന്നത്.