ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരായി സമര്‍പ്പിച്ച പ്രതിപക്ഷത്തിന്റെ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി തീരുമാനമെടുക്കും. പത്തരയ്ക്കാണ് തീരുമാനം അറിയിക്കാനായി കോടതി ചേരുന്നത്. ഇതിനിടെ, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും തീരുമാനിച്ചു. തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ ഒപ്പോടു കൂടിയ സത്യാവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. എട്ട് പേര്‍ സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പടെ 154 എംഎല്‍എമാര്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ശിവസേനയുടെ 56 ഉം കോണ്‍ഗ്രസിന്റെ 44 ഉം എന്‍സിപിയുടെ 46 ഉം എംഎല്‍എമാര്‍ സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 54 എംഎല്‍എമാരാണ് എന്‍സിപിക്കുണ്ടായിരുന്നത്. എട്ട് പേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് സൂചന. അതേ സമയം ഇതില്‍ ചിലര്‍ ശരദ് പവാറിന് പിന്തുണയര്‍പ്പിച്ച്‌ തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 145 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുക. ഭൂരിപക്ഷം അവകാശപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെയും കത്തുകള്‍ ഹാജരാക്കാന്‍ കോടതി പരിശോധിക്കും. ഒപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ ത്രികക്ഷികളിലെ കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി നീക്കം ഊര്‍ജിതമാക്കി.

ഭൂരിപക്ഷം ഉടന്‍ തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ കേവലഭൂരിപക്ഷത്തിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ വേണ്ടതുണ്ട്. ഇതിനായി എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും നേരത്തെ പാര്‍ട്ടി മാറി എത്തിയ നേതാക്കളെയാണ് ചുതമലപ്പെടുത്തിയിരിക്കുന്നത്. ഇരുഭാഗത്തും സജീവനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ചരടുവലികള്‍ക്ക് ഏറെ പരിചതനായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ിവകുമാറും ഇന്ന് മുംബൈയിലെത്തിയേക്കും.