ചെറിയ ഉള്ളി കിലോഗ്രാമിന് 100 കടന്ന് സവാളയുടെ റെക്കോര്‍ഡും തകര്‍ത്ത് മുന്നേറുകയാണ്. എറണാകുളം മാര്‍ക്കറ്റിലാണ് ചെറിയ ഉള്ളി ഇന്നലെ കിലോഗ്രാമിന് 100 രൂപയ്ക്ക് മുകളില്‍ വിറ്റുപോയത്.
ചെറിയ ഉള്ളിവില കിലോഗ്രാമിന് സാധാരണ കടകളില്‍ 110 രൂപ മുതല്‍ 115 രൂപ വരെയാണ് നിലവിലെ വില. നഗരത്തിനു പുറത്തേക്ക് 120 രൂപ വരെ വിലയുണ്ട്.

അതേസമയം, സവാളവിലയും നഗരത്തിനു പുറത്ത് 100 രൂപയിലെത്തി. 2 ദിവസം മുമ്ബ് വരെ സവാള 70ഉം ചെറിയ ഉള്ളി 80ഉം രൂപയ്ക്കാണു വിറ്റത്. പിന്നെ ഒറ്റയടിക്കാണ് 40 രൂപയുടെ വര്‍ധനവുണ്ടായത്. എന്നാല്‍, വിഎഫ്പിസികെയുടെ (സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട് പ്രമോഷന്‍ കൗണ്‍സില്‍) പട്ടിക പ്രകാരം ഉള്ളിക്ക് വില 98ഉം സവാളയ്ക്ക് 77 ഉം ആണ്.ചില സൂപ്പര്‍മാര്‍ക്കറ്റുകളിലും അല്‍പ്പം വിലയിളവുണ്ട്.

വില കുതിച്ച്‌ ഉയര്‍ന്നതോടെ സവാളയ്ക്ക് ഓരോ ഗ്രാമിനും വില നല്‍കണമെന്ന് വ്യാപാരികളും ആവശ്യമുയര്‍ത്തി. ഉള്ളിക്കും സവാളയ്ക്കും ഓരോ ഗ്രാമിനും വില നല്‍കണമെന്നു പോത്താനിക്കാട് കുത്തുകുഴിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ അറിയിപ്പു ബോര്‍ഡും വെച്ചു. നേരത്തേ ഒരു കിലോഗ്രാം സവാളയും ഉള്ളിയും വാങ്ങിയാല്‍ 50 ഗ്രാം വരെയൊക്കെ അധികം നല്‍കിയിരുന്നു. ഇത്തരത്തില്‍ വാരിക്കോരി നല്‍കിയാല്‍ 6 രൂപ വരെ നഷ്ടമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.