മഹാരാഷ്ട്രയിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി വൈകിയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ അറിയിവാട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം. മുതിര്‍ന്ന ബിജെപി നേതാക്കളായ ചന്ദ്രകാന്ത് പാട്ടീല്‍, വിനോദ് തവാഡെ, ഗിരീഷ് മഹാജന്‍ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ചര്‍ച്ചനടത്തിയതെന്നാണ് അറിയുന്നത്.

രാവിലെ 10.30നാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിണത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തും, ഭൂരിപക്ഷമുണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.