കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശമായതിനാല്‍ വിദേശ കമ്ബനികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിലപാട് കനത്ത തിരിച്ചടിയാകുന്നു. കേന്ദ്രം തീരുമാനം കടുപ്പിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്ബനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല.

വിദേശ വിമാനക്കമ്ബനികളുടെ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള അനുമതിയായ പോയിന്റ് ഓഫ് കോള്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ലോകസഭയില്‍ അറിയിച്ചിരുന്നു. മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും പരിഗണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കെ സുധാകരന്‍ എം പിയുടെ ചോദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എയര്‍പോര്‍ട്ടിന് സമീപത്ത് മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്‍കി.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയില്‍വേ ലൈന്‍ ആവശ്യമാണ്. അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ. സുധാകരന്‍ എംപി ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞ ഒരു വര്‍ഷം തികയാന്‍ ഇനി 17 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കേന്ദ്ര തീരുമാനം. ഇത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തെ വലിയ രീതിയില്‍ ബാധിക്കുക തന്നെ ചെയ്യും. ഒരു വര്‍ഷത്തിലേക്ക് എത്തുമ്ബോള്‍ വിമാനത്താവളം വന്‍ സാമ്ബത്തിക പ്രതിസന്ധിയിലുടെ കടന്നു പോവുന്നത്. വിദേശ വിമാന സര്‍വീസ് ആരംഭിച്ചാലും വര്‍ഷങ്ങള്‍ എടുത്താല്‍ മാത്രമേ കണ്ണൂരിനെ ലാഭത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് സാമ്ബത്തിക വിദ്ഗധരുടെ വിലയിരുത്തല്‍.

നിലവില്‍ എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്ബനി മാത്രമാണ് ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നത്. ഇതിന്‍ നിന്നും വിമാനത്താവള കമ്ബനിയായ കിയാലിന് വേണ്ടത്ര വരുമാനം മാര്‍ഗം ഉണ്ടാകുന്നില്ല.