കൊച്ചി: മലയാള സിനിമാ-സീരിയല്‍ താരം മോളി കണ്ണമാലി രോഗാവസ്ഥയില്‍. എല്ലാവരെയും പൊട്ടിചിരിപ്പിച്ച ‘ചാളമേരി’ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുകയാണ്. മോളി കണ്ണമാലി എന്ന പേരിനേക്കാളും ചാളമേരി എന്ന പേരിലാണ് മലയാളികള്‍ക്ക് സുപരിചിതയായത്. സ്ത്രീധനം എന്ന പരമ്ബരയിലൂടെ മോളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ താരമായി. മിനിസ്ക്രീനില്‍ ചുവട് ഉറപ്പിച്ച മോളി ബിഗ് സ്ക്രീനിലും എത്തി. എന്നാല്‍,​ കുറച്ചു നാളുകളായി ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയിലാണ് മോളി.

അടിയന്തരമായി സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍,​ തുച്ഛമായ വരുമാനമുള്ള മക്കള്‍ക്ക് മോളിയുടെ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല. അടുത്തിടെ ഒരു സ്റ്റേജ് ഷോയ്ക്കെത്തിയ മോളിയെ കടുത്ത നെഞ്ചുവേദനയെ തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാരും അറിയിച്ചിരുന്നു. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാളും മോളി കഴിഞ്ഞുവന്നത്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ ഇനിയും മലയാളികളെ ചിരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

ഹൃദ്രോഗം തളര്‍ത്തിയ ശരീരവും കടബാധ്യതകളുമായി വീട്ടിലെ ഒറ്റമുറിയില്‍ വേദന കടിച്ചമര്‍ത്തി ക‍ഴിയുകയാണ് അവരിപ്പോള്‍. ഏറെ നാളുകളായി ചികിത്സയിലായിരുന്നു മോളി. എന്നാല്‍,​ ഈയിടെ നില വളരെ മോശമായി. ഹൃദയസംബന്ധമായ അസുഖം കാരണം കുറേകാലമായി മോളിക്ക് അഭിനയത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.