വയനാട്: ഷെഹ്‌ല ഷെറിന്റെ ജീവനെടുത്ത അനാസ്ഥയ്ക്ക് എതിരെ ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു.

ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നിയാണ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ക്ലാസ് റൂമില്‍ പാമ്ബ് കടിയേറ്റ് മരിച്ച ശഹലക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.’ -മുഫീദ കുറിച്ചു.

തീര്‍ത്തും പിന്നാക്ക സാഹചര്യങ്ങളില്‍ കഴിയുന്ന നിദയുടെ വീടിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഫേസ് ബുക്ക് ലൈവില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും കുടുംബത്തെ സഹായിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

മരണപ്പെട്ട ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബത്തേരി-മൈസൂര്‍ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ച നിദയെ അഭിനന്ദിച്ച്‌ നിരവധി പേരും രംഗത്തുവന്നു. നിദയുടെ ഉറച്ച പ്രതികരണത്തിന് ശേഷം ബത്തേരി സര്‍വ്വജന സ്കൂളില്‍ അറ്റകുറ്റപണികളും ശുചീകരണവും ആരംഭിച്ചിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഉറച്ച ശബ്ദത്തില്‍ ഷെഹ്‌ല നേരിട്ട നീതി നിഷേധം പങ്കുവച്ച നിദ
ഷെഹ്‌ല പഠിച്ചിരുന്നു സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.