തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗുരുതര സുരക്ഷാ അനാസ്ഥയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മോഡറേഷന്‍ ക്രമക്കേടില്‍ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചിന്റേതാണ് കണ്ടെത്തല്‍. മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് കേസില്‍ കേരള സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും സര്‍വ്വകലാശാല സുരക്ഷാ പ്രോട്ടോകാള്‍ പാലിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവിയ്ക്ക് കൈമാറി. സര്‍വ്വകലാശാലയില്‍ ക്രമക്കേട് നടന്നാല്‍ കണ്ടെത്താന്‍ സംവിധാനമില്ലാത്ത അവസ്ഥയാണ്. സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ മുതലെടുത്താണോ മാര്‍ക്ക് തട്ടിപ്പ് നടന്നതെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് പ്രത്യേകം കമ്ബ്യൂട്ടര്‍ അനുവദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥരാണ് ഉപയോഗിക്കുന്നത്. കൂടാതെ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി കമ്ബ്യൂട്ടര്‍ അനുവദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മോഡറേഷന്‍ ക്രമക്കേടില്‍ കമ്ബ്യൂട്ടര്‍ സെന്ററിനെ മാത്രം പഴി ചാരിയുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുന്നതാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സര്‍വകലാശാലയില്‍ ഗുരുതര സുരക്ഷാ അനാസ്ഥയുണ്ടെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. മോഡറേഷന്‍ ക്രമക്കേടിന്റെ ഉറവിടമെന്നു വിലയിരുത്തുന്ന ഇഎസ് സെക്ഷനിലാണ് ഗുരുതര അനാസ്ഥയുള്ളത്. തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകള്‍ കൈകാര്യം ചെയ്യുന്ന ഈ സെക്ഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം കമ്ബ്യൂട്ടര്‍ അനുവദിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ മാറി മാറി കമ്ബ്യൂട്ടര്‍ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്.