മുംബൈ: മഹാരാഷ്ട്രയില്‍ അനുനയ നീക്കങ്ങളോട് മുഖം തിരിച്ച് എന്‍.സി.പി മനതാവ് അജിത്ത് പവാര്‍. തന്നെ ഉപമുഖ്യമന്ത്രിയാക്കിയതിന് പ്രധാനമന്ത്രി മോഡിക്ക് നന്ദി പറഞ്ഞ പവാര്‍, മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പവാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോഡിക്ക് പുറമെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും അജിത് പവാര്‍ ട്വിറ്ററില്‍ നന്നി പറഞ്ഞിട്ടുണ്ട്.
ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്നതാണ് എന്‍.സി.പിക്ക് ഗുണപ്രദമെന്നും അജിത്ത് പവാര്‍ പറഞ്ഞു. അമൃത ഫഡ്നാവിസ്, ബി.ജെ.പി നേതാക്കളായ രവി കൃഷ്ണന്, ബി.എല്‍ സന്തോഷ്, ധര്‍മ്മേന്ദ്ര പ്രധാന്, അനുരാഗ് താക്കൂര്‍, സുരേഷ് പ്രഭു, വിജയ് രൂപാണി, ഗിരീഷ് ബാപത്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, മുക്താര്‍ അബ്ബാസ് നഖ്വി, സദാനന്ദ ഗൗഡ, ജഗത് പ്രകാശ് നദ്ദ, പീയൂഷ് ഗോയല്‍, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്, നിതിന്‍ ഗഡ്കരി, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എന്നിവര്‍ക്കും അജിത്ത് പവാര്‍ നന്ദി അറിയിച്ചിട്ടുണ്ട്.
ശരത് പവാറിന്റെ സഹോദര പുത്രന് കൂടിയായ അജിത്ത് പവാര്‍ ഒറ്റ രാത്രികൊണ്ടാണ് വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം പോയത്. ഒരു ലക്ഷം കോടിയുടെ അഴിമതിക്കേസില്‍ പ്രതിയാക്കി ബി.ജെ.പി സര്‍ക്കാര്‍ തന്നെ കേസെടുത്തിരിക്കുന്ന പവാര്‍ ഒടുവില്‍ ദേവേന്ദ്ര ഫഡ്നാവിസിന് കീഴില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായിരിക്കെയാണ് അജിത്ത് പവാര്‍ മറുകണ്ടം ചാടിയത്.