കോട്ടയം:സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം. ക്ലാസ് മുറിയില്‍ സഹപാഠി പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ കാണിച്ച അനാസ്ഥയും സ്‌കൂളിന്റെ ശോചനീയാവസ്ഥയും പുറത്തു കൊണ്ടു വരാന്‍ സധൈര്യം മുന്നോട്ട് വന്നതിനാണ് നിദാഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം നല്‍കിയതെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് വ്യക്തമാക്കി. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ നിദക്ക് ഡിസംബറില്‍ സമ്മാനിക്കും.

തനിക്ക് പാമ്ബ് കടിയേറ്റെന്ന് ഷഹല പറഞ്ഞിട്ടും അധ്യാപകര്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞതെന്ന് മാധ്യമങ്ങളോട് പേടികൂടാതെയായിരുന്നു നിദ സംസാരിച്ചത്. ഷെഹ്ലയ്ക്കു സംഭവിച്ചതെന്താണെന്ന് നിദയിലൂടെയാണ് പുറംലോകം അറിഞ്ഞത്. സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ സംസാരിച്ചിരുന്നു.

ഇതോടെ നിദ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സാമൂഹിക മാധ്യമങ്ങളില്‍ നിദയെ വ്യാപകമായി അഭിനന്ദിച്ചിരുന്നു. ബത്തേരി-മൈസൂര്‍ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും വൈറലായിരുന്നു.