ഡല്‍ഹി : പാക്കിസ്ഥാന്‍-ചൈനീസ് ചാരന്മാര്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാട്സാപ് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കി. അതുപോലെ തന്ത്രപ്രധാന കൂടിക്കാഴ്ചകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റു ചെയ്യാനും അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ നിന്നും ചാറ്റ് ഗ്രൂപ്പുകളില്‍ നിന്നും അകലം പാലിക്കണമെന്ന് 13 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് സേന നിരന്തരം ഉപദേശം നല്‍കാറുണ്ടായിരുന്നെങ്കിലും ചില പ്രധാന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണു പുതിയ നിര്‍ദേശം ഇറക്കിയത്. സുക്നയിലെ 33-ാം സൈനിക വിഭാഗത്തില്‍പ്പെടുന്ന ഒരു ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നമ്ബര്‍ അജ്‍ഞാത വാട്സാപ് ഗ്രൂപ്പില്‍ ചേര്‍ത്തതോടെയാണ് നിര്‍ദേശം കര്‍ശനമാക്കിയത്.
വിവരം അറിഞ്ഞ ഉടനെ വാട്സാപ് ഗ്രൂപ്പില്‍ നിന്ന് സൈനികന്‍ ഒഴിവാകുകയും ചെയ്തു. ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം എടുത്തിരുന്നു. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സൈനികരെയും അവരുടെ കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ സെനിക ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കി പാക്കിസ്ഥാന്‍ വനിതകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന നിരവധി കേസുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ന്യൂഡല്‍ഹിയിലെ ഐഎഎഫ് ആസ്ഥാനത്തെ ഒരു ഗ്രൂപ്പ് ക്യാപ്റ്റനും ഇവരുടെ വലയില്‍ കുടുങ്ങിയവരില്‍ പെടുന്നു. കഴിഞ്ഞ മാസമാണ് സമാന കേസില്‍ രാജസ്ഥാനിലെ രണ്ടു ജവാന്‍മാരെ അറസ്റ്റു ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായും രഹസ്യമായും വിവരങ്ങള്‍ ചോരുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ആര്‍മിയുടെ സൈബര്‍ സംഘം (എസിജി) പറയുന്നത്. അതിനാലാണ് സേനയില്‍ ഉയര്‍ന്ന പദവി കൈകാര്യം ചെയ്യുന്നവരും സുപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും ഫെയ്സ്ബുക്ക് അക്കൗണ്ട് ഒഴുവാക്കാന്‍ നിര്‍ദേശിക്കുന്നതെന്നും സൈബര്‍ വിഭാഗം വ്യക്തമാക്കി.