കോട്ടയം: എംജിയില്‍ വിവാദമായ മാര്‍ക്ക്ദാനം റദ്ദാക്കി ഒരു മാസമായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ സര്‍വകലാശാല. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും തിരികെ വാങ്ങിയിട്ടില്ല. മാര്‍ക്ക്ദാനം റദ്ദാക്കിയെന്ന സിന്‍ഡിക്കേറ്റിന്റെ തീരുമാനം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണറും അംഗീകിരിച്ചിട്ടില്ല.

2019 ഏപ്രില്‍ 30ന് കൂടിയ സിന്‍ഡിക്കേറ്റ് ബിടെക് കോഴ്സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു . ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ മേയ് 17 ന് കൂടിയ സിന്‍ഡിക്കേറ്റ് മാര്‍ക്ക് ദാന നടപടി പിന്‍വലിച്ചു. 69 പേരാണ് മാര്‍ക്ക് ദാനം വഴി ജയിച്ച്‌ എംജിയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയത് .

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിയാല്‍ മാത്രമേ സാങ്കേതികമായി മാര്‍ക്ക് ദാനം റദ്ദാകൂ. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥിക്ക് പ്രത്യേക മെമ്മോ നല്‍കണം. അവരെ വിളിച്ച്‌ വരുത്തി കാരണങ്ങള്‍ ബോധ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങണം. പക്ഷേ ഇതിനുള്ള ഒരു നടപടിയും എംജി സര്‍വകലാശാലയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല .അതായത് പ്രത്യേക മോഡറേഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് അര്‍ത്ഥം .

എംജി സര്‍വകലാശാല നിയമം അനുസരിച്ച്‌ ബിരുദം റദ്ദാക്കാണമെങ്കില്‍ അക്കാഡമിക് കൗണ്‍സില്‍ വിളിക്കണം. അക്കാഡമിക് കൗണ്‍സിലിന്‍റെ നിര്‍ദ്ദേശ പ്രകാരം സിന്‍ഡിക്കേറ്റ് അംഗീകരിച്ച്‌ ചാന്‍സിലര്‍ ഒപ്പിട്ടാലേ ഒരു തീരുമാനം റദ്ദാകൂ. പക്ഷേ ഈ നടപടി ക്രമങ്ങള്‍ പാലിക്കാതെ മാര്‍ക്ക്ദാനം സിന്‍ഡിക്കേറ്റ് ഒറ്റയടിക്ക് റദ്ദാക്കിയത് കാരണം ഗവര്‍ണ്ണര്‍ ഇത് അംഗീകരിച്ചിട്ടില്ല.