വാഷിങ്ടണ്‍: യുഎസിലെ ഷോപ്പിങ് മാളിലെ മൂന്നാം നിലയില്‍ നിന്നും വലിച്ചെറിയപ്പെട്ട അഞ്ചുവയസ്സുകാരന്‍ പൂര്‍ണ ആരോഗ്യത്തോടെ സ്കൂളില്‍ തിരിച്ചെത്തി. അവന്റെ എല്ലാ പരുക്കുകളും ഭേദമായെന്നും അവന്‍ ശരിയായ രീതിയില്‍ നടക്കാന്‍ തുടങ്ങിയതായും ബന്ധുക്കള്‍ അറിയിച്ചു.

മിനസോറ്റയിലെ ഷോപ്പിങ് മാളിലെ മൂന്നാം നിലയില്‍ നിന്നും അഞ്ചുവയസ്സുകാരന്‍ ലാന്‍ഡറിനെ 24കാരനായ ഇമ്മാനുവേല്‍ ദേഷ്വാന്‍ വലിച്ചെറിഞ്ഞത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു. ഏറിന്റെ വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങിയിരുന്നു. ആന്തരികാവയങ്ങള്‍ക്ക് വന്‍ ക്ഷതമേറ്റിരുന്നു. മാസങ്ങളോളം നടന്ന തുടര്‍ ചികിത്സയുടെ ഭാഗമായാണ് കുഞ്ഞിന് ആരോഗ്യം വീണ്ടെടുക്കാനായത്. പരുക്ക് മാറിയതിനെ തുടര്‍ന്ന് കുട്ടി സ്‌കൂളില്‍ പോയി തുടങ്ങിയതായി അമ്മ പറഞ്ഞു.

കുട്ടിയുടെ ചികിത്സക്കായി വന്‍തുക ആശുപത്രിയില്‍ ചെലവായതായും അതിനുള്ള പണം നാട്ടുകാര്‍ നല്‍കിയതായും അമ്മ പറയുന്നു. ഏപ്രില്‍ 12നാണ് അഞ്ചുവയസ്സുകാരനായ ലാന്‍ഡറിനെ ഷോപ്പിംഗ് മാളിന്റെ മൂന്നാംനിലയില്‍ നിന്ന് ഇമ്മാനുവേല്‍ ദേഷ്വാന്‍ വലിച്ചെറിഞ്ഞത്. വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്ക് കോടതി 19 വര്‍ഷം തടവ് വിധിച്ചു.

ദൈവത്തിലുള്ള വിശ്വാസം കാരണം ഞാന്‍ നിങ്ങളോട് ക്ഷമിച്ചു. നിങ്ങള്‍ക്കുള്ള വിധി ദൈവം നല്‍കുമെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ പ്രതികരണം. ദൈവത്തിന്റെ മാലാഖ കൈകളാണ് ലാന്‍ഡറിനെ ഞങ്ങള്‍ക്ക് തിരിച്ചുനല്‍കിയതെന്നും അമ്മ പറയുന്നു.

അഞ്ചുവയസ്സുകാരന്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുവെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച സന്ദേശം. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും മാളിലെത്തിയവരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയെത്തിച്ചു.പിന്നീട് കുട്ടി വീഴുന്നത് നേരില്‍ കണ്ട സാക്ഷികള്‍ കുട്ടിയെ ഒരാള്‍ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കുകയായിരുന്നു.