പൂന: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂന-കട്കി സെന്റ് എഫ്രേം എക്സാർക്കേറ്റ് ഫ്രാൻസിസ് മാർപാപ്പ ഭദ്രാസനമായി ഉയർത്തി. നിലവിലെ എക്സാർക്കേറ്റ് അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ അന്തോണിയോസ് പുതിയ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാകും.
മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇതു സംബന്ധിച്ച ശിപാർശ മാർപാപ്പയ്ക്ക് നൽകിയിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം പൂന-കട്കി സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശനിയാഴ്ച വൈകിട്ട് 4.30ന് നിർവഹിച്ചു. റോമിലും പ്രാദേശിക സമയം ഉച്ചക്ക് 12ന് പ്രഖ്യാപനം നടന്നു.
തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയ്ക്കു പുറമേ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പുതിയ ഭദ്രാസനം.
വിവിധ പട്ടണങ്ങളിലായി 33 ഇടവകകളും വിവിധ മിഷൻ സെന്ററുകൾ ഉൾപ്പെട്ട എട്ട് മിഷൻ മേഖലകളുമാണ് പുതിയ ഭദ്രാസനത്തിനുള്ളത്. 32 വൈദികരും, ബഥനി മേരി മക്കൾ സന്യാസിനി ഭവനങ്ങളും ഭദ്രാസനത്തിൽ പ്രവർത്തിക്കുന്നു.
പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹ്യ വികസനം എന്നീ മേഖലകളിൽ ഭദ്രാസനം അതിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ സീനിയർ സെക്കൻഡറി സ്കൂളുകളും, സെക്കൻഡറി, പ്രൈമറി സ്കൂളുകളും പ്രവർത്തിക്കുന്നു. ഭദ്രാസനത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ സേവാ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഭദ്രാസന അധ്യക്ഷനായ ബിഷപ് ഡോ. തോമസ് മാർ അന്തോണിയോസ് ബഥനി ആശ്രമാംഗമാണ്. തിരുവനന്തപുരം മേജർ അതിരൂപതയിൽ അടൂർ ഇടവകാംഗമാണ്. നേരത്തെ സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കൂരിയാ മെത്രാനായിരുന്നു. കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദൈവദാസൻ മാർ ഈവാനിയോസിന്റെ നാമകരണ നടപടിക്കുള്ള പോസ്റ്റുലേറ്റർ, സഭാ കാര്യാലയത്തിന്റെ ചാൻസലർ തുടങ്ങി വിവിധ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.