കോട്ടയം : അടുത്ത വര്‍ഷത്തോടെ പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് പള്ളി ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ പ്രീ-വൈഗ 2010 ജില്ലാതല ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സമ്ബൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കി ജൈവകൃഷി വ്യാപകമാക്കും. ഒരോ വീടിനും ആവശ്യമുള്ള പച്ചക്കറിയിനങ്ങളുടെ പട്ടിക തയ്യാറാക്കി അവ വീട്ടു വളപ്പില്‍തന്നെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത് .
നിലവില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏകദേശം 12 ലക്ഷം മെട്രിക് ടണ്ണിലേക്ക് എത്തുകയാണ്. ഇത് 16 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്താനായാല്‍ നമുക്ക് വേണ്ടത്ര ജൈവ പച്ചക്കറികള്‍ ലഭ്യമാകും. പ്രളയക്കെടുതികള്‍ രണ്ടു വട്ടം നേരിട്ടിട്ടും നെല്‍ വയലുകള്‍ നികത്തുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണ്. ഇനിയെങ്കിലും ഇത് നിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. പ്രാദേശിക ജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ ജനപ്രതിനിധികളും ജനങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.