വാഷിംഗ്ടണ്‍ ഡിസി: ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ ക്ലാറിഡ്ജ് -റാഡിസണ്‍ ഹോട്ടലില്‍ വച്ചു നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ലെവി ടൗണ്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

നവംബര്‍ 17-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി വെരി. റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. ഏബ്രഹാം ജോര്‍ജ്, ടീം അംഗങ്ങളായ ജോബി ജോണ്‍, ചെറിയാന്‍ പെരുമാള്‍, ജോണ്‍ താമരവേലില്‍, എത്സിക്കുട്ടി മാത്യു, മാത്യു ജോഷ്വാ, ഷീലാ ജോസഫ്, ഫിലിപ്പോസ് സാമുവേല്‍, റോസ്‌മേരി യോഹന്നാന്‍ എന്നിവരെ സ്വാഗതം ചെയ്തു.

ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ഫിനാന്‍സ് ചെയര്‍ ചെറിയാന്‍ പെരുമാള്‍, ജോണ്‍ താമരവേലില്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, കോണ്‍ഫറന്‍സില്‍ പങ്കെടുത്താല്‍ ലഭിക്കാവുന്ന ആത്മീയ ഉണര്‍വ്വിനെക്കുറിച്ചും, കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും, മുന്‍ കോണ്‍ഫറന്‍സുകള്‍ക്ക് ഇടവകയില്‍ നിന്നും നല്‍കിയ സഹായ സഹകരണങ്ങള്‍ എന്നിവയും എടുത്തുപറഞ്ഞു. ഈവര്‍ഷവും മുന്‍കാലങ്ങളില്‍ നല്‍കിയതുപോലെയുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു.

2020 കോണ്‍ഫറന്‍സിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ ഇടവക വികാരി വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, അസി. വികാരി ഫാ. ഏബ്രഹാം ജോര്‍ജ്, ട്രഷറര്‍ സ്റ്റാന്‍ലി തോമസ്, സെക്രട്ടറി അലക്‌സ് ഏബ്രഹാം, മാനേജിംഗ് കമ്മിറ്റി എന്നിവരോടുള്ള നന്ദിയും സ്‌നേഹവും കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു.