കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച്ച. അനുമതിയില്ലാതെ കിയാല്‍ ജീവനക്കാര്‍ രാഷ്ട്രപതിക്ക് സമീപം എത്തിയതോടെയാണ് വിവാദമായത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്. വീഴ്ച്ച വരുത്തിയത് തെളിഞ്ഞതോടെ വിശദമായ തുടര്‍പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഏഴിമല നാവിക അക്കാഡമിക്ക് പ്രസിഡന്റ്സ് കളര്‍ പുരസ്‌കാരം സമ്മാനിക്കാന്‍ രാഷ്ട്രപതി എത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ഒമ്ബതു പേര്‍ക്കാണ് രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെ ലാഡര്‍ പോയിന്റിലെത്താന്‍ അനുമതി നല്‍കിയിരുന്നത്.

കിയാല്‍ ജീവനക്കാരായ രണ്ടുപേര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്ത് നിന്നതാണ് വിവാദമായത്. ഉളിക്കല്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ബ്രിജിത്ത് കൃഷ്ണ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ വീഴ്ച്ച കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സിസിവിടി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച വ്യക്തമായത്.

രാഷ്ട്രപതി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി നാവികസേനാ ഹെലിക്കോപ്ടറില്‍ ഏഴിമലയിലേക്ക് പോകുന്ന സമയത്ത് വാഹനത്തില്‍ ഇരിക്കേണ്ട ഉദ്യോഗസ്ഥരാണ് അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവര്‍ ആരുടെ അനുമതിയോടെ അവിടെയെത്തിയെന്നതും പരിശോധിക്കും.