മുംബയ്: മഹാരാഷ്ട്രയില്‍ ബി.ജെ.പിയോടൊപ്പം സഖ്യം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ നീക്കമാണെന്ന് എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.സി.പി ഈ തീരുമാനത്തെ അംഗീകരിക്കുകയോ അതിനെ പിന്താങ്ങുകയോ ഇല്ലെന്നും തങ്ങള്‍ക്ക് ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ശരദ് പവാര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം ശരദ് പവാര്‍ അറിയിച്ചിരിക്കുന്നത്.

Sharad Pawar

@PawarSpeaks

Ajit Pawar’s decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
We place on record that we do not support or endorse this decision of his.

8,166 people are talking about this

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അജിത്തിന്റെ തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നുവെന്നും ശരദ് പവാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. അജിത് പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും തമ്മില്‍ മുന്‍പേ തന്നെ അധികാര വടംവലി നിലവിലുണ്ടായിരുന്നു. മാത്രമല്ല ശിവസേനയും കോണ്‍ഗ്രസുമായും സഖ്യം ചേരുന്നതിനോടും അജിത് പവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഇരുപാര്‍ട്ടികളുമായുള്ള സഖ്യ ചര്‍ച്ചകളിളും അജിത് പവാര്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ എന്‍.സി.പി-ബി.ജെ.പി സഖ്യത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം ഇവിടെ നിലവില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ അല്‍പ്പം മുന്‍പാണ് രാജ്ഭവനില്‍ നടന്നത്. ഉപമുഖ്യമന്ത്രിയാകുന്നത് എന്‍.സി.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ സഹോദര പുത്രന്‍ അജിത് പവാറാണ്. ഫഡ്നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ എന്‍.സി.പി നേതൃത്വം മഹാരാഷ്ട്രയില്‍ ഉണ്ടായിരിക്കുന്ന ബി.ജെ.പി – എന്‍.സി.പി ബാന്ധവത്തെ അനുകൂലിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എന്‍.സി.പി സംസ്ഥാന സമിതി അംഗം സലീം പി. മാത്യു. വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഹാരാഷ്ട്രയില്‍ ഇന്ന് രാവിലെ സംഭവിച്ചതെന്നും മഹാരാഷ്ട്രയില്‍ ശിവസേനയയെ പിന്തുണയ്ക്കാനുള്ള എന്‍.സി.പി തീരുമാനത്തെ തങ്ങള്‍ പിന്തുണച്ചത് ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനത്തില്‍ തങ്ങള്‍ക്ക് കടുത്ത അമര്‍ഷവും പ്രതിഷേധവുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.