മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47 ന്. രാഷ്ട്രീയനേതാക്കള്‍ കൂടിയാലോചനകള്‍ തുടരുന്നതിനിടെയാണ് ബിജെപിയുടെ അപ്രതീക്ഷിതവും നാടകീയവുമായ നീക്കം ഉണ്ടായത്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ച ഇന്നലെ വൈകീട്ട് നടന്ന്, രാത്രി ഇരുട്ടി വെളുത്തപ്പോഴാണ് അതിനാടകീയ നീക്കം ഉണ്ടായത്.

ഡല്‍ഹിയില്‍ രാഷ്ട്രപതി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗവര്‍ണര്‍ ഈ തീരുമാനം മാറ്റിയിരുന്നു. ഇത് ശിവസേന സഖ്യസര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്നായിരുന്നു എന്നാണ് പൊതുവെ ധരിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെ അണിയറ നീക്കത്തെ തുടര്‍ന്ന് എന്‍സിപിയെ ഒപ്പമെത്തിച്ച്‌ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളുണ്ട്. എന്‍സിപിക്ക് 54 എംഎല്‍എമാരാണുള്ളത്. എന്നാല്‍ എന്‍സിപിയുടെ നീക്കം ശരദ് പവാറിന്റെ അംഗീകാരത്തോടെയാണോ, അജിത് പവാര്‍ എന്‍സിപി പിളര്‍ത്തിയതാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. എങ്കിലും ചെറുപാര്‍ട്ടികല്‍ അടക്കം ബിജെപി സര്‍ക്കാരിന് 145 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് സൂചനയുണ്ട്.

എന്‍സിപിയുടെ തീരുമാനത്തിന് ശരദ് പവാറിന്റെ അനുമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്‍സിപിയുടെ നീക്കം ചതിയാണ്. ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. കര്‍ഷകപ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് മോദിയെ കണ്ടതെന്നായിരുന്നു പവാര്‍ പറഞ്ഞത്. അതേസമയം ശരദ് പവാറിന് രാഷ്ട്രപതി പദവി മോദി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.