അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ അവസാന അവസരം. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരും നവംബര്‍ 30ന് മുന്‍പായി സര്‍വീസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 പേര്‍ക്കാണ് അവസാന അവസരം ലഭിക്കുന്നത്. 580 ജീവനക്കാരാണ് സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സമയപരിധിക്കുള്ളില്‍ സര്‍വ്വീസില്‍ തിരികെയെത്തിയില്ലെങ്കില്‍ പിരിച്ചുവിടല്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നിശ്ചിത തീയതിയ്ക്ക് ശേഷം അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്ക് ഇനിയൊരവസരം ഉണ്ടാകില്ല. അത്തരക്കാരെ സര്‍വീസില്‍ തുടരാന്‍ താത്പര്യമില്ലാത്തവരാണെന്ന നിഗമനത്തില്‍ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതും സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അവസരം നല്‍കിയിട്ടും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വീസില്‍ പുനഃപ്രവേശിക്കാന്‍ ഒരവസരം നല്‍കിയിരുന്നു. അന്ന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് സര്‍വീസില്‍ പുനഃപ്രവേശിക്കാന്‍ അവസാന അവസരം നല്‍കാന്‍ തീരുമാനിച്ചത്.