തുടർന്ന് പി. ടി. പൗലോസ് തന്റെ ”ഏഭ്യന്‍” എന്ന കഥ അവതരിപ്പിച്ചു. 1969 മുതൽ 1988 വരെയുള്ള കല്‍ക്കട്ടയുടെ പശ്ചാത്തലത്തിൽ മനുഷ്യസ്നേഹിയായ ഒരു മലയാളി പത്രപ്രവർത്തകന്റെ കഥ. തന്റെ ദാമ്പത്യ തടവറയിലെ വിഷവായുവിൽ ശ്വാസം മുട്ടിയപ്പോഴും മിന്നുകെട്ടി കൂടെകൂട്ടിയ ഭാര്യ തന്റെ ജീവിതം കശക്കിയെറിഞ്ഞപ്പോഴും അവൾക്കു നന്മ വരണമേ എന്നാശിച്ച ഒരു സാധുമനുഷ്യന്റെ കഥ. കഥാകൃത്തിന്റെ രണ്ടര പതിറ്റാണ്ടുകൾ നീണ്ട കൽക്കട്ട ജീവിതത്തിൽ കണ്ട പരുക്കൻ യാഥാർഥ്യങ്ങളിൽ നിന്നും പെറുക്കിയെടുത്ത കഥാപാത്രങ്ങളെ കടലാസിലേക്ക് കലാപരമായി പകർത്തിയപ്പോൾ അവക്ക് ജീവനുണ്ടായി. അതാണ് ”ഏഭ്യന്‍”.
കഥയിലെ പപ്പേട്ടനും ലക്ഷ്മിയേടത്തിയും മുരളിയും രാഘവേട്ടനുമെല്ലാം സദസ്സിലൂടെ മിന്നിമറഞ്ഞു. അത് സര്‍ഗ്ഗാത്മകമായ ഒരനുഭൂതിയായി. അവരോട് ചോദിക്കാൻ ഒരു കുന്ന് ചോദ്യങ്ങളുണ്ടായിരുന്നു സദസ്സിന് . ”ഇത്രയൊക്കെ ദുഷ്ടത ചെയ്തിട്ടും പാലക്കാട്ടെ തറവാടിന്റെ ആധാരം എന്തിനാ പപ്പേട്ടാ ലക്ഷ്മിയേടത്തിക്ക് കൊടുത്തത് ?” എന്നായിരുന്നു ആലീസ് തമ്പിയുടെ നിഷ്ക്കളങ്കമായ ചോദ്യം. കഥാകൃത്തിന്റെ ജീവിതവഴികളിൽ കണ്ടുമുട്ടേണ്ടിവന്ന കഥാപാത്രങ്ങളെ സര്‍ഗ്ഗാത്മകമായി യോജിപ്പിച്ചപ്പോൾ നല്ലൊരു സൃഷ്ടിയായി എന്ന് ജോസ് ചെരിപുറം പറഞ്ഞു. കഥ പെട്ടെന്ന് തീർന്നപ്പോൾ ഒരു ശൂന്യത അനുഭവപ്പെട്ടതുപോലെ തോന്നിയെന്നും ക്ലൈമാക്സ് വായനക്കാർക്ക് വിട്ടുകൊടുത്തിരിക്കുന്നു എന്നും ജോസ് കൂട്ടിചേർത്തു .
ഏഭ്യന്‍ എന്ന പേര് കേട്ടപ്പോൾ നമ്പൂതിരി ഭാഷയിലെ ‘ഏഭ്യന്‍’ പ്രയോഗം പോലുള്ള ഒരു കഥാപാത്രം ആയിരിക്കും എന്ന പ്രതീക്ഷയിലാണ് കഥ വായിച്ചു തുടങ്ങിയത് എന്ന് രാജു തോമസ് പറഞ്ഞു. എന്നാൽ കഥയുടെ ഉള്ളിലേക്ക് കടന്നപ്പോൾ അവഗണനയുടെ ശരശയ്യയിൽ പിടഞ്ഞപ്പോഴും മനുഷ്യസ്‌നേഹത്തിന്റെ പതാക വാഹകനെ അവതരിപ്പിച്ച് കഥ ഗംഭീരമാക്കിയ കഥാകൃത്തിനെ രാജു ഹൃദയപൂർവ്വം അഭിനന്ദിച്ചു. അനുഭവങ്ങളിൽനിന്നും ഇതുപോലുള്ള കഥകൾ ഇനിയുമെഴുതുവാൻ കഥാകൃത്തിന് സാധിക്കട്ടെ എന്ന് തെരേസ ആന്റണി ആശംസിച്ചു. ബംഗാളിന്റെ പശ്ചാത്തലത്തിൽ ഒരു മലയാളക്കഥ വായിച്ചപ്പോൾ ഏറെക്കാലം വടക്കൻ ബംഗാളിൽ ജോലി നോക്കിയ തമ്പി തലപ്പിള്ളിക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടു എന്നും പച്ചയായ അനുഭവങ്ങളാണ് ജീവനുള്ള കഥകളെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തതായി സംസാരിച്ചത് മാമ്മൻ മാത്യുവാണ്. കൽക്കട്ടയുടെ ഒരു പ്രത്യേക രാഷ്ട്രീയ കാലഘട്ടത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആ കാലഘട്ടം ഇനി ഉണ്ടാകുകയുമില്ല . ഇന്നത് അമേരിക്കയിൽനിന്ന് പറയുമ്പോൾ അതിന് രാഷ്ട്രീയ പ്രസക്തിയുമുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ജീവൻ തുടിക്കുന്ന ഈ കഥയിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ മനുഷ്യ ഭാവങ്ങളുമുണ്ട്. കാലത്തിന്റെ നാഴികക്കല്ലായി തോന്നിക്കുംവിധം ജ്യോതി ബാസു സർക്കാർ പത്താം വാർഷികം ആഘോഷിക്കുന്ന സന്ദർഭം കൊണ്ടുവന്ന രീതി വളരെ മനോഹരമായിരിക്കുന്നു. സർഗ്ഗവേദിയിൽ സൃഷ്ടികൾ അവതരിപ്പിക്കുംവോൾ വിമർശനവും അനിവാര്യമാണ്. പക്ഷെ, ഈ കഥയിൽ വിമർശിക്കാൻ ഒന്നും കാണുന്നില്ല. എങ്കിലും ”പപ്പേട്ടൻ എനിക്ക് ആരുമായിരുന്നില്ല എന്ന് പറയാനൊക്കില്ലല്ലോ” എന്ന വാചകഘടനയിൽ ഒരു ‘കല്ലുകടി’ പോലെ തോന്നുന്നു. അനാവശ്യമായ വിവരണങ്ങൾ എല്ലാം ഒഴിവാക്കി ഏഭ്യന്‍ ഒരു കാച്ചിക്കുറുക്കിയ കഥയാണെന്നായിരുന്നു മാമ്മൻ മാത്യുവിന്റെ അഭിപ്രായം.
പി. ടി. പൗലോസ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞത് ഒരു ചെറുകഥയുടെ ചുറ്റുവട്ടത്തിൽനിന്ന് കഥ വലിച്ചുനീട്ടാൻ സാധിക്കില്ല. എങ്കിലും വായനക്കാർക്ക് മുരളി ലക്ഷ്മിയേടത്തിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്ന് ഊഹിക്കാനുള്ള സൗകര്യത്തിനു വേണ്ടി ‘പപ്പേട്ടൻ തന്ന കവർ ഹാൻഡ് ബാഗിലുണ്ടെന്ന് ഉറപ്പു വരുത്തി’ ഭസ്മകലശവുമായി ശ്മശാനത്തിന് വെളിയിൽ ടാക്സിക്കായി കാത്തുനിന്നു എന്ന് എഴുതിയിട്ടുണ്ട്. ഈ കഥയുടെ ഒരു വായനക്കാരിയുടെ പ്രതികരണം ഇവിടെ പ്രസക്തമാണ്. ”ക്ലൈമാക്സ് ഊഹിക്കാം. ലക്ഷ്മിയേടത്തി കവർ വാങ്ങും, ഭസ്മകലശം തിരികെ കൊടുത്തുവിടും”. പപ്പേട്ടനും ലക്ഷ്മിയേടത്തിയും രാഘവേട്ടനും തന്റെ ജീവിതത്തിൽ പല പേരുകളിൽ കണ്ടവരാണെന്നും മുരളി ഒരു മുഴുനീള കഥാപാത്രമായി ജീവനോടെ ഇവിടെ നിൽക്കുന്നു എന്നും പറഞ്ഞു. അദ്ധ്യക്ഷനും സദസ്സിനും പൗലോസ് നന്ദി പറഞ്ഞതോടെ ഒരു സർഗ്ഗസായാഹ്നത്തിന് പരിസമാപ്തിയായി.