ന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത് പൊലീസില്‍ പരാതി നല്‍കി. നടിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 354ഡിയും കേരള പൊലീസ് ആക്‌ട് 1200 ഉം അനുസരിച്ച്‌ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

തന്‍റെ പേര് കിഷോര്‍ എന്നാണെന്നും താന്‍ അഭിഭാഷകനാണെന്നുമാണ് സ്വയം പരിചയപ്പെടുത്തിയ ആളാണ് കഴിഞ്ഞ ഒരു മാസമായി പാര്‍വതിക്കും കുടുംബത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത്. അജ്ഞാത ഫോണ്‍ വിളികള്‍, സന്ദേശങ്ങള്‍ എന്നിവ വഴി നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

ഫേസ്ബുക്ക് മെസഞ്ചര്‍ മുഖേന ആദ്യം പാര്‍വതിയുടെ സഹോദരനെയാണ് കിഷോര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ ബന്ധപ്പെട്ടത്. പാര്‍വതിയെക്കുറിച്ച്‌ ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇത്.

ഒക്ടോബര്‍ ഏഴിനായിരുന്നു ഇയാള്‍ സഹോദരനെ ബന്ധപ്പെട്ടത്. പാര്‍വതിയുടെ സഹോദരനോട് പാര്‍വതിയെക്കുറിച്ചും അവര്‍ എവിടെയാണെന്ന് സംബന്ധിച്ചും ഇയാള്‍ ചോദിച്ചറിഞ്ഞു. അതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളും നടി പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇയാള്‍ പാര്‍വതിയുടെ സഹോദരനുമായി സംസാരിക്കുന്ന സമയത്ത് പാര്‍വതി യു എസില്‍ ആയിരുന്നു. എന്നാല്‍, പാര്‍വതി യു എസില്‍ പോയിട്ടില്ലെന്നും കൊച്ചിയില്‍ തന്നെയുണ്ടെന്നും അവര്‍ ചില പ്രശ്നങ്ങളില്‍ പെട്ടിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. പാര്‍വതിയെ രക്ഷിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, പാര്‍വതിയുടെ സഹോദരന്‍ ഇയാളെ അവഗണിച്ചു.

തുടര്‍ന്ന് ഇതേ കാര്യങ്ങളുമായി പാര്‍വതിയുടെ അച്ഛനെ സമീപിക്കുകയായിരുന്നു. കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കാന്‍ പാര്‍വതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.