കല്‍പ്പറ്റ: ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന് പാമ്ബുകടിയേറ്റത് പൊളിക്കാനിരുന്ന കെട്ടിടത്തിലെ ക്ലാസ് മുറിയില്‍നിന്നാണെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു.

ഭാവിയില്‍ നന്നാക്കാനിരുന്നതു കൊണ്ടാണ് ക്ലാസ് മുറി പൊളിക്കാതിരുന്നത്. സര്‍ക്കാര്‍ ഒരുകോടി രൂപ നല്‍കുമെന്ന് നാലുമാസം മുമ്ബ് അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ അക്കാര്യത്തില്‍ ഉണ്ടായില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കിഫ്ബി വഴി അനുവദിച്ച ഫണ്ടുണ്ട്. അതില്‍ ഒരു കോടി രൂപ സര്‍വജന ഹൈസ്‌കൂളിനും അനുവദിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. നാല്-അഞ്ചു മാസംമുമ്ബാണ് അങ്ങനെ ഒരു അറിയിപ്പ് കിട്ടിയത്. ഒരു കോടിരൂപയുടെ സ്‌കൂള്‍ നിര്‍മാണം തുടങ്ങാനിരുന്നിടത്താണ് ഇപ്പോള്‍ ഈ സംഭവം നടന്നിട്ടുള്ളത്. അതിനാലാണ് കാര്യമായ അറ്റകുറ്റപ്പണികള്‍ ആ ക്ലാസ് മുറിയില്‍ നടത്താതിരുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍, നിയമപ്രകാരം പിന്നീട് അത് പൊളിക്കാനാവില്ല. അതുകൊണ്ടാണ് ആ കെട്ടിടം ടൈല്‍സ് ഇടാനോ ഒന്നും മുതിരാതിരുന്നത്- സാബു വ്യക്തമാക്കി.