കാണ്‍പൂര്‍:സഹോദരിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സഹോദരന്‍ അപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയത്ധല ഗ്രാമത്തിലാണ് സംഭവം. സഹോദരിയുടെ വിവാഹത്തിന് രണ്ടുമണിക്കൂര്‍ മുമ്ബ് രാവിലെ ഏഴുമണിയോടെയാണ് വധുവിന്റെ അനിയനായ ഹിമാന്‍ഷു യാദവ് വിവാഹത്തിന് ആവശ്യമായ ചില സാധനങ്ങള്‍ വാങ്ങാന്‍ പുറപ്പെട്ടത്.

എന്നാല്‍ അമിതവേഗത്തിലെത്തിയ ഒരു ട്രക്ക് ഹിമാന്‍ഷുവിന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്ബ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഈ വിവരം 18കാരന്റെ പിതാവിനെ അറിയിക്കുകയായിരുന്നു.
ഈ സമയം അദ്ദേഹം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുന്ന മകള്‍ അഞ്ജുവിന്റെ ഭാവിയെക്കുറിച്ചാണ് ഓര്‍ത്തത്. ഒടുവില്‍ ചടങ്ങ് പൂര്‍ത്തിയാക്കുംവരെ മരണവിവരം ആരോടും പറയേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെ മരണ വിവരം അറിയിച്ച ഉടന്‍ അദ്ദേഹം കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങരുതെന്ന ആഗ്രഹം മൂലമാണ് മരണവിവരം മറച്ചുവച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.