തിരുവനന്തപുരം: പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും സംസ്ഥാനത്ത് നിരോധിച്ചു. ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരും.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍കവര്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് പിഴയേര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

നിരോധനം പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി

തിരുവനന്തപുരം: ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനമേര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്.

എക്സ്റ്റന്റഡ് പ്രൊഡ്യൂസേഴ്‌സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍നിന്ന് തിരിച്ചുവാങ്ങി പണം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഈ ഇളവ്.

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫ്‌ളെക്സ് ബോര്‍ഡുകളുടെ ഉപയോഗം സംസ്ഥാനത്ത്‌ േനരത്തേതന്നെ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരോധനംമൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ മാനേജ്മെന്റ് ചട്ടപ്രകാരം വ്യവസായ പാര്‍ക്കുകളിലെ അഞ്ചു ശതമാനം ഭൂമി മാലിന്യ സംസ്‌കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നലകാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശവും നല്‍കി.

നിരോധനം ലംഘിച്ചാല്‍ പിഴ

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയാണു പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യാം.

പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരമാണ് നടപടി. കളക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാം