തിരുവനന്തപുരം: നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു . കെ.എസ്.ഐ.ഡി.സി. ഓഫീസിന് മുന്നില്‍ ഒരുമാസം പിന്നിട്ട കോംട്രസ്റ്റ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഒരു തര്‍ക്കവുമില്ലാതെ ഇരുമുന്നണികളും എടുത്ത തീരുമാനമാണ് സ്ഥാപനം ഏറ്റെടുക്കല്‍ ബില്‍. ആര്‍ക്കും തര്‍ക്കമില്ലാത്ത വിഷയത്തിന് തടസ്സം നേരിടുകയാണെങ്കില്‍ മുഖ്യമന്ത്രി ഇടപെടണം. ബില്ലിന് രാഷ്ട്രപതിയുടെ അനുമതി കിട്ടുന്നതിനും, കാലതാമസങ്ങള്‍ വരുത്തുന്നതിനും ഭൂമാഫിയ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോംട്രസ്റ്റ് ബില്ലിനെതിരേ സകല സ്ഥാപിത താത്‌പര്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ശരിയാണ്. ആ സ്ഥാപിത താത്‌പര്യങ്ങളെ നിലയ്ക്കുനിര്‍ത്തി ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം’- വി.എം.സുധീരന്‍ വ്യക്തമാക്കി .