വാഷിങ്ടണ്‍: സൈനിക ചെലവിനെച്ചൊല്ലി ദക്ഷിണ കൊറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത നിഷേധിച്ച്‌ അമേരിക്കയും ദക്ഷിണ കൊറിയയും. റിപ്പോര്‍ട്ടുകള്‍ തള്ളി യു.എസ് പ്രതിരോധ സെക്രട്ടറിയും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയവും രംഗത്തെത്തി.

ദക്ഷിണ കൊറിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നും യു.എസ് സൈന്യം പിന്‍മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. അത്തരമൊരു നീക്കം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉള്ളതായി ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

സൈനിക വിന്യാസത്തിന്‍റെ ചെലവിലേക്ക് ദക്ഷിണ കൊറിയ പങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് 4000 ൈസനികരെ അമേരിക്ക പിന്‍വലിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈനിക സഖ്യത്തിന്‍റെ വാര്‍ഷിക സംഭാവന 5 ബില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്. ഈ തുക അമേരിക്കന്‍ സൈന്യത്തെ സ്വന്തം രാജ്യത്ത് നിലനിര്‍ത്താന്‍ ദക്ഷിണ കൊറിയ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടിയിലധികം വരും.