ഇനി മുതല്‍ സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനവും. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയും നടപടി ക്രമങ്ങളും ആരംഭിച്ചു. ഈ പദ്ധതി ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുക. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്‌സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍. ഈ ബാങ്കുകളുമായി ഉടന്‍ ധാരണയിലെത്തും. ഇപോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം.

റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്ബൗണ്ടിലുള്ള ലാന്‍ഡ് റവന്യൂ ഹാളില്‍ യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്‌സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് പങ്കെടുക്കുക.

റേഷന്‍ കടയിലെ ബാങ്കിങ് വഴിയുള്ള സേവനങ്ങള്‍: പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, അക്കൗണ്ടില്‍നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍, ഫോണ്‍ റീച്ചാര്‍ജിങ്.

അതേസമയം, എത്രരൂപ വരെ കൈകാര്യം ചെയ്യാന്‍ കഴിയും, കൂട്ടത്തോടെ ആളുകള്‍ പണം പിന്‍വലിക്കാനെത്തിയാല്‍ നല്‍കാനാകുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഇനിയും മറുപടി കണ്ടെത്തേണ്ടതുണ്ട്.