ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേകബോ‍ര്‍ഡ് വേണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. തിരുപ്പതി, ഗുരുവായൂര്‍, മാതൃകയില്‍ പ്രത്യേകബോര്‍ഡ് വേണമെന്ന നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. പ്രത്യേകനിയമത്തിന്റെ കരട് നാലാഴ്ചക്കകം നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനകള്‍ സജീവമാക്കിയത്.

ശബരിമല ക്ഷേത്രത്തിലെ വരുമാനത്തെ ആശ്രയിച്ചാണ് മറ്റ് 1250 ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം. 58 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തം. അതിനാല്‍ പ്രത്യേകബോര്‍ഡ് രൂപീകരിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോ‍ര്‍ഡിന് എതിര്‍പ്പുണ്ട്. പ്രത്യേകബോര്‍ഡ് രൂപീകരിച്ചാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‍ഡിന് കനത്ത തിരിച്ചടിയാകും.

അതേസമയം, കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. അതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാഹചര്യംകൂടി കണക്കിലെടുത്ത് ബോര്‍ഡിന് കീഴിലുള്ള അതോറിറ്റിക്ക് ശബരിമല ക്ഷേത്രഭരണം മാറ്റാന്‍ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് നാലിനെ മടങ്ങിവരൂ അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.