പത്തനംതിട്ട: കിഡ്‌നി നല്‍കിയ വൈദികനും സ്വീകരിച്ച വൈദികനും സണ്‍ഡേ സ്‌കൂള്‍ കലാവേദിയില്‍ ആദരം. അവയവദാനത്തിന്റെ മഹത്തായ സന്ദേശവുമായി തന്റെ കിഡ്‌നികളില്‍ ഒന്ന് നല്‍കിയ ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിലും അദ്ദേഹത്തിന്റെ കിഡ്‌നി സ്വീകരിച്ച ഫാ. റോബിന്‍ മനക്കലേത്തുമാണ് പൊതുവേദിയില്‍ ഒരുമിച്ചെത്തി അനുഭവങ്ങള്‍ പങ്കുവച്ചത്. മൈലപ്ര എസ്.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ കലോത്സവവേദിയിലായിരുന്നു ഒത്തുകൂടല്‍. കിഡ്‌നിദാനത്തിനുശേഷം അവര്‍ ആദ്യമായി സംബന്ധിച്ച പൊതുപരിപാടിയായിരുന്നു. മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയിലെ കോന്നി കാര്‍മല സെന്റ് ആന്റണീസ് ഇടവകാംഗങ്ങളാണ് രണ്ടു വൈദികരും. മുമ്പ് ആറുവര്‍ഷം രൂപത മതബോധന ഡയറക്ടറായിരുന്നു ഫാ. റോബിന്‍.

ഫാ. റോബിന് കിഡ്‌നി നല്‍കാന്‍ സന്നദ്ധത അറിയിച്ചവരില്‍ തന്റെ കിഡ്‌നി മാത്രമേ അദ്ദേഹത്തിന്റെ ശരീരവുമായി ചേര്‍ച്ച ഉണ്ടായിരുന്നുള്ളുവെന്നും ഫാ. ഫിലിപ്പോസ് പറഞ്ഞു. അതിന് അവസരം നല്‍കിയ ദൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രൂപത വികാരി ജനറല്‍ മോണ്‍. ഷാജി മാണികുളം, മതബോധന ഡയറക്ടര്‍ ഫാ. ജോഷ്വാ മാവേലില്‍, ഫാ. സെബാസ്റ്റ്യന്‍ ആമ്പശേരില്‍, ഫാ. ജോണ്‍ തുണ്ടിയത്ത്, ജോജി തോമസ്, ബിജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.