മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. വെള്ളിയാഴ്ച പാര്‍ട്ടികള്‍ ചേര്‍ന്ന് സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കും എന്‍സിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാല്‍, ഇതിനോട് ശിവസേന പൂര്‍ണമായും വഴങ്ങിയിട്ടില്ല. രണ്ടര വര്‍ഷം ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനല്‍കില്ല എന്ന നിലപാട് ശിവസേന നേതാക്കള്‍ എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.
എന്‍സിപിക്ക് ആദ്യ ടേം ലഭിക്കുകയാണെങ്കില്‍ ശരദ് പവാര്‍ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളാനാകില്ല. അല്ലെങ്കില്‍ മകള്‍ സുപ്രിയ സുലെയോ അജിത് പവാറോ മുഖ്യമന്ത്രി പദത്തിലേക്കെത്തിയേക്കാം. കോണ്‍ഗ്രസ് കടുംപിടിത്തം തുടരുന്നതാണ് ആദ്യ ടേം എന്‍സിപിക്ക് കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.
അങ്ങനെയെങ്കില്‍ ശേഷിക്കുന്ന രണ്ടര വര്‍ഷം ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കും. ഇക്കാര്യങ്ങളിലെല്ലാം ചര്‍ച്ച തുടരുകയാണ്. അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകും.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. നാളെ മുംബൈയില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് യോഗത്തിന് ശേഷം കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.