തിരുവനന്തപുരം: ശബരിമല ക്ഷേത്ര ഭരണത്തിന് രണ്ട് മാസത്തിനകം പ്രത്യേത നിയമം ഉണ്ടാക്കണമെന്ന സുപ്രീം കോടതി വിധിയെ പരിഹസിച്ച്‌ ചരിത്രകാരന്‍ കെഎന്‍ ഗണേഷ്. ഒരു ദേവപ്രശ്‌നത്തെ നിയമമാക്കണമെന്ന പന്തളത്തെ ഏതോ തിരുനാള്‍ തമ്ബുരാന്റെ ഹര്‍ജി ആ നിമിഷം എടുത്ത് തോട്ടില്‍ ഇടേണ്ടതായിരുന്നു. രാജ്യത്തെ നിയമങ്ങള്‍ തീരുമാനിക്കേണ്ടത് കണിയാന്മാരല്ല. ദൈവനിശ്ചിതനിയമങ്ങളുടെ കാലം കഴിഞ്ഞുവെന്ന് കോടതിയും തമ്ബുരാനും മറന്നിരിക്കുന്നവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെഎന്‍ ഗണേഷ് കുറിച്ചു. പോസ്റ്റ് വായിക്കാം

സുപ്രീം കോടതിയിലെ ഏമാന്മാര്‍ കേരളത്തെ മാത്രമല്ല ഇന്ത്യയെത്തന്നെ കലാപഭൂമിയാക്കണമെന്ന് ചിന്തിച്ചുറപ്പിച്ചതുപോലെ തോന്നുന്നു.

ഒരുദേവപ്രശ്നത്തെ നിയമമാക്കണമെന്ന പന്തളത്തെ ഏതോ തിരുനാള്‍ തമ്ബുരാന്റെ ഹര്‍ജി ആ നിമിഷം എടുത്ത് തോട്ടില്‍ ഇടേണ്ടതാണ്. രാജ്യത്തെ നിയമങ്ങള്‍ തീരുമാനിക്കേണ്ടത് കണിയാന്മാരല്ല .

ദൈവനിശ്ചിതനിയമങ്ങളുടെ കാലം കഴിഞ്ഞുവെന്ന് കോടതിയും തമ്ബുരാനും മറന്നിരിക്കുന്നു. അതിനെ ഉപയോഗിച്ച്‌ ശബരിമലക്ക് ഒരു പ്രത്യേകനിയമം വേണമെന്ന് കോടതി അനുശാസിക്കുകയും ചെയ്യുന്നു. അതിനു പറയുന്ന കാരണമാണ് ഏറ്റവും വിചിത്രം. തിരുപ്പറ്റിയും ഗുരുവായൂരും പോലെ ധാരാളം ഭകതരും പണവുമുള്ള അമ്ബലമായതുകൊണ്ടാണ് പ്രത്യേകനിയമം ആവശ്യമായി വരുന്നത്.

ഒരു മധ്യകാല ദേവപ്രശ്നത്തെ മുന്‍ നിര്‍ത്തി വാദമാരംഭിച്ച കോടതി എത്തുന്നത് ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ എണ്ണത്തിലാണ്. അതായത് ക്ഷേത്രം ഉണ്ടാക്കുന്ന സാമ്ബത്തികലാഭത്തിലാണ്. ക്ഷേത്രത്തെ ഒരു മുതലാളിത്തസംരംഭമാക്കാനുള്ള നിയമമാണ് ദേവനും കോടതിയും ആഗ്രഹിക്കുന്നത് ! ഒരു നവ മധ്യകാലമുതലാളിസംരംഭം !

ജസ്റ്റിസ് രമണ യുടെ കമന്റാണ് അതിലും വിചിത്രം. ഇപ്പോള്‍ ആലോചിച്ചിട്ടുള്ള നിയമത്തില്‍ ഭരണസമിതിയില്‍ മുപ്പത്തിമൂന്നു ശതമാനം സംവരണത്തെ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ ഏഴംഗബെഞ്ച് യുവതികളുടെ പ്രവേശനം റദ്ദാക്കിയാല്‍ മുപ്പത്തിമൂന്നു ശതമാനത്തിന്റെ പ്രവേശനവും റദ്ദാക്കില്ലെ എന്നാണ് ജസ്റ്റിസ് ചോദിക്കുന്നത്. അതായത് ഏഴംഗബെഞ്ചിന്റെ വിധി എന്തായിരിക്കണമെന്ന് ഇപ്പോള്‍ തന്നെ ധാരണയുണ്ട് എന്നല്ലേ ഇതിന്റെ അര്‍ത്ഥം?

അങ്ങിനെയാണെങ്കില്‍ യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് ഏമാന്മാര്‍ക്ക് ഇപ്പോള്‍ തന്നെ വിധിച്ചുകൂടായിരുന്നോ? നാടകം കളിച്ച്‌ ഗവേണ്മെന്റുകളെ വെട്ടിലാക്കുന്നതു ഒരു തമാശയാണോ?വിധി വരട്ടെ അപ്പോള്‍ കാണാം എന്ന് പറയുന്നതിന് പകരം ഹിന്ദുക്ഷേത്രങ്ങള്‍ക്കുള്ള പൊതുനിയമമാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു മറുപടി. ശബരിമലക്ക് പ്രത്യേകനിയമം എന്നത് തന്നെ യുവതീപ്രവേശനത്തില്‍ ഗവേണ്മെന്റിനെ വെട്ടിലാക്കാനാണെന്നു വ്യക്തമാകുമ്ബോള്‍ അതനുസരിച്ച്‌ മറുപടി പറയുകയെങ്കിലും വേണ്ടേ? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കോല ത്തിലാണല്ലോ നമ്മുടെ അഭിഭാഷകര്‍ !