ദില്ലി: ലാന്‍ഡര്‍ ചന്ദ്രപരിതലത്തില്‍ ഇടിച്ചിറങ്ങിയതാണ് ചന്ദ്രയാന്‍-2 അവസാന ഘട്ടത്തില്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്ബോള്‍ ലാന്‍ഡറിന് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വേഗത കൂടുതലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം ലോക്സഭയില്‍ വ്യക്തമാക്കിയത്.

ലാന്‍ഡിംഗിന്റെ ആദ്യ ഘട്ടത്തില്‍ അനായാസമായി ചന്ദ്രോപരതലത്തില്‍ നിന്നും 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും 7.4 കിലോമീറ്ററിലേക്ക് ഉയരം കുറച്ചു. വേഗത സെക്കന്റില്‍ 1683 മീറ്റര്‍ എന്നതില്‍ നിന്നും സെക്കന്റില്‍ 146 മീറ്റര്‍ എന്ന നിലയിലേക്കും കുറച്ചു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഈ പ്രക്രിയ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

പ്രതീക്ഷിച്ച സ്ഥലത്ത് നിന്നും 500 മീറ്റര്‍ മാറി വിക്രം ലാന്‍ഡര്‌ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അവസാന ഘട്ട ലാന്‍ഡിംഗ് ഒഴികെ മറ്റ് പ്രധാന ഘട്ടങ്ങളെല്ലാം വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ വിക്ഷേപണവും തുടര്‍പ്രവര്‍ത്തനങ്ങളും മൂലം ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ ദൗത്യം 7 വര്‍ദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 2ാം തീയതിയാണ് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയ ചന്ദ്രയാന്‍-2 ഐഎസ്‌ആര്‍ഒ വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായിരുന്നു ഐഎസ്‌ആര്‍ഒ ലക്ഷ്യമിട്ടത്. സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതൊഴിച്ചാല്‍ ദൗത്യത്തിന്റെ 95 ശതമാനവും വിജയമായിരുന്നുവെന്നാണ് ഐഎസ്‌ആര്‍ഒ പറയുന്നത്.