ഹോളിവുഡ് നടന്മാര്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് ഇപ്പോള്‍ വലിയ പുതുമയല്ലാതായിരിക്കുകയാണ്. സൂപ്പര്‍ സംവിധായകന്‍ എസ്.എസ് രാജമൗലി ‘ബാഹുബലി’ സീരീസിന് ശേഷം സംവിധാനം ചെയ്യുന്ന ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിദേശികളായ നടീനടന്മാരാണ് എന്ന വാര്‍ത്ത പുറത്ത് വന്ന ശേഷം, ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിലും ഹോളിവുഡ് നടന്‍ രംഗത്തെത്തുന്നു എന്നാണ് വിവരം. അനുഷ്കയും മാധവനും നായികാനായകന്‍മാരാകുന്ന ‘നിശബ്ദം’ എന്ന ചിത്രത്തിലാണ് ഈ അമേരിക്കന്‍ നടന്‍ അഭിനയിക്കുന്നത്. ആള് ചില്ലറക്കാരനൊന്നുമല്ല. വിശ്വപ്രസിദ്ധ സംവിധായന്‍ ക്വന്റിന്‍ ടാറന്റീനോയുടെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ മൈക്കല്‍ മാഡ്‌സണ്‍ ആണ് ഈ നടന്‍.

ടാറന്റീനോയുടെ കില്‍ ബില്‍, റിസര്‍വോയര്‍ ഡോഗ്സ്, ദ ഹേറ്റ്ഫുള്‍ എയിറ്റ്, ഒടുവിലത്തെ ചിത്രമായ വണ്‍സ്‌ അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നീ ചിത്രങ്ങളില്‍ മാഡ്‌സണ്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. സ്ഥിരമായി നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളെയാണ് ഈ നടന്‍ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ‘നിശബ്ദ’ത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് മൈക്കല്‍ മാഡ്‌സണ്‍ അവതരിപ്പിക്കുന്നതെന്ന് അഭ്യൂഹമുണ്ട്. ചിത്രത്തില്‍ അമേരിക്കയിലെ സിയാറ്റില്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ഡിക്കന്‍സായാണ് മാഡ്‌സണ്‍ പ്രത്യക്ഷപ്പെടുന്നത്. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ‘നിശബ്ദം’ ഒരു ഹൊറര്‍ സസ്‌പെന്‍സ് ചിത്രമാണ്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ‘നിശബ്ദം’ തെലുങ്കിന് പുറമെ, തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ അഭിനയിക്കുന്നത്.സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. ചിത്രത്തിന്‍്റെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നിശബ്ദം’ എന്ന ചിത്രം ഒരു നിശബ്ദമായ ത്രില്ലറാണെന്നും അനുഷ്കയ്ക്ക് ചിത്രത്തിലെ സാക്ഷിയെ അവതരിപ്പിക്കാനായി ആംഗ്യഭാഷ പഠിക്കേണ്ടി വന്നെന്നും മുന്‍പ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ്.ഗോപി മോഹ, കൊന വെങ്കട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.