സുല്‍ത്താന്‍ബത്തേരി: ക്ലാസ്മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെന്ഷന്. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അലംഭാവം കാണിച്ചുവെന്ന ആരോപണമുയര്‍ന്ന അധ്യാപകന് ഷെജിലിനേയാണ് സസ്പെന്‍ഡ് ചെയ്തത്. സ്കൂളില്‍ അധ്യാപകര്‍ക്ക് കാര്‍ ഉണ്ടായിട്ടും വിദ്യാര്‍ഥിനിയെ യഥാസമയം ആശുപത്രിയില്‍ എത്തിച്ചില്ല. ഹെഡ്മാസ്റ്റര് അടക്കം അധ്യാപകരോട് വിശദീകരണം ആവശ്യെപ്പട്ടിട്ടുണ്ട്.
സംഭവത്തില്‍ ജില്ല കലക്ടര്‍ അദീല അബ്ദുല്ല സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി. വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥ് ഡി.ഡി.ഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. സ്കൂളിലെത്തിയ ഡി.ഇ.ഒക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്ക് നേരെ ഒരു സംഘം നാട്ടുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിെന്റ പൂട്ട് തകര്‍ത്താണ് പ്രതിഷേധക്കാര്‍ അകത്തു കയറിയത്.
സ്റ്റാഫ് റൂം പരിസരത്ത് നിന്ന് പൊലീസ് മാറിയ സമയത്താണ് നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സ്റ്റാഫ് റൂമിനുള്ളില്‍ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ അധ്യാപകന് ഷെജില്‍ സ്ഥലത്തുണ്ടായിരുന്നില്ല. പ്രധാനാധ്യാപകനു നേരെ കയ്യേറ്റത്തിന് ശ്രമിച്ച ആള്‍ക്കൂട്ടത്തെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു.
വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. രക്തമൊലിക്കുന്ന കാലുമായി വിദ്യാര്‍ഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം.
ബുധനാഴ്ച വൈകീട്ട് നാലോടെ ബത്തേരി ഗവ. സര്‍വജന സ്കൂളിലാണ് സംഭവം. പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകള്‍ ഷഹല ഷെറിനാണ് (10) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.