ശ്രീലങ്കയില്‍ ഒരു അനിയന്‍ ബാവ ചേട്ടന്‍ ബാവ കൂട്ടുകെട്ട് പിറന്നിരിക്കുകയാണ്. ഇതോടെ ചരിത്ര നിമിഷത്തിന് സാക്ഷിയായിരിക്കുകയാണ് രാജ്യം. ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ചേട്ടന്‍ രാജപക്‌സെയും ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അനിയന്‍ ഗോതാബയ രാജപക്‌സെയുമാണ്. ഇതോടെയാണ് രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയായത്.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചതിനെ തുടര്‍ന്നാണ് മഹിന്ദ രാജപക്‌സെയെ തെരഞ്ഞെടുത്തത്. നവംബര്‍ 16ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ റനില്‍ വിക്രമസിംഗെ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ. ഇതോടെ രാജ്യത്തിന്റെ ഭരണം പൂര്‍ണ്ണമായും ഈ സഹോദരന്മാരുടെ കൈകളിലായി.
രണ്ടുതവണ പ്രസിഡന്റായിട്ടുള്ള മഹിന്ദയ്ക്ക് ഗോതാബയയെ കൂടാതെ മറ്റുരണ്ട് സഹോദരന്മാര്‍ കൂടിയുണ്ട്. ബാസിലും ചമലും. ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാണ്. മഹിന്ദ ആദ്യമായി പ്രസിഡന്റായപ്പോള്‍ മൂത്തസഹോദരന്‍ ചമല്‍ പാര്‍ലമെന്റ് സ്പീക്കറായി സേവനമനുഷ്ഠിച്ചിരുന്നു. മൂന്നുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ സഹോദരന്‍ മഹിന്ദയെ പ്രധാനമന്ത്രിയാക്കുമെന്ന് ഗോതാബയ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നത്.
അതേസമയം, ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ ഭാവിയെക്കുറിച്ച് ചൊവ്വാഴ്ച ഗോതാബയയുമായി ചര്‍ച്ചനടത്തിയതായി വിക്രമസിംഗെ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ തന്റെ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നിരിക്കെ ഗോതാബയയ്ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച ജനസമ്മതി ബഹുമാനിച്ചുകൊണ്ടാണ് രാജിതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗോതാബയയുടെ വിജയത്തോടെ രാജിവെക്കാന്‍ വിക്രമസിംഗെയ്ക്കുമേല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ സമ്മര്‍ദമുണ്ടായിരുന്നു.
ചേട്ടന്‍ പ്രധാനമന്ത്രി, അനിയന്‍ പ്രസിഡന്റ്; ശ്രീലങ്കയില്‍ ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം
