കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്സ് കളര്‍ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. സുവര്‍ണ ജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്ബരാഗതവും ആധുനികവുമായ വെല്ലുവിളികളെ ഒരുപോലെ നേരിടാന്‍ സജ്ജരാകണമെന്ന് പുരസ്കാരം സമ്മാനിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പട്ടില്‍ തീര്‍ത്ത പ്രത്യേക പതാകയാണ് ഇന്ന് രാഷ്ട്രപതി സമ്മാനിച്ച പ്രസിഡന്റ്സ് കളര്‍. സവിശേഷ സന്ദര്‍ഭങ്ങളില്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പരേഡുകളില്‍ ഇനിമുതല്‍ ഈ പതാക ഉപയോഗിക്കും.
1969ല്‍ സ്ഥാപിതമായ നാവിക അക്കാദമി നേട്ടങ്ങളുടെ പട്ടികയുമായി 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആസ്ഥാനം ഏഴിമലയിലേക്ക് മാറിയിട്ട് പത്തു വര്‍ഷവും പിന്നിടുകയാണ്. രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ മുന്നില്‍ നിര്‍ത്തി പ്രാര്‍ത്ഥനകളോടെയാണ് ചടങ്ങ് തുടങ്ങിയത്. കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം രാജ്യത്തെ പരമോന്നത പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു.