പത്തനംതിട്ട: ഉത്സവങ്ങളില്‍ ആനകളെ രാവിലെ 11 മുതല്‍ മൂന്നുവരെ എഴുന്നള്ളിപ്പിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത് . മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ എഴുന്നള്ളിപ്പിക്കാന്‍ പാടില്ല . ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്നേ ജില്ലാതല നിരീക്ഷണ സമിതിക്ക് നല്‍കണം.

അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കില്‍ 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കണം. മദപ്പാടുള്ളതും പരുക്ക് പറ്റിയതും അസുഖം ബാധിച്ചതും ക്ഷീണിതരുമായ ആനകളെ ഉത്സവത്തില്‍ പങ്കെടുപ്പിക്കരുത്.

ആനകളുടെ അടുത്ത് പടക്കം പൊട്ടിക്കുകയോ വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയോ ചെയ്യുന്നില്ലായെന്നും സെല്‍ഫി, ടിക്‌ടോക്ക് തുടങ്ങിയവ ഒരു കാരണവശാലും അനുവദിക്കാതിരിക്കുവാനും ഉത്സവ കമ്മിറ്റിക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു .