കൊച്ചി : വാളയാര്‍ പീഡന കേസില്‍ വിചാരണക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ പുനര്‍ വിചാരണയും തുടരന്വേഷണവും വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ആദ്യ മരണത്തില്‍ ലൈംഗിക പീഡനം കണ്ടെത്തിയെങ്കിലും ആ ദിശയില്‍ അന്വേഷണം നടന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായി.

ഇത് രണ്ടാമത്തെ കുട്ടിയുടെയും മരണത്തിലേക്ക് നയിച്ചു. രണ്ടാം മരണത്തിലും അന്വേഷണം കാര്യക്ഷമമായില്ല. മരണം കൊലപാതകമാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, കൊലപാതക സാധ്യത അന്വേഷണ വിധേയമാക്കിയില്ല.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. പ്രതികള്‍ക്കെതിരായ തെളിവുകള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് അന്തിമ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. ഇത് കേസ് നടത്തിപ്പില്‍ വീഴ്ചയ്ക്ക് കാരണമായി.

കേസില്‍ തുടരന്വേഷണവും തുടര്‍ വിചാരണയും അനിവാര്യമാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുക പുനര്‍വിചാരണ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ മരിച്ച പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറിച്ചെന്നും ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചെന്നും പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.